Tuesday, November 23, 2010

ചതുരംഗം
















ജീവിതം പോരാഞ്ഞു
പിന്നെയും നീയെന്റെ
കരുക്കളെ എയ്‌തൊടുക്കുമ്പോള്‍

അവസാന ചലനം
നിലയ്ക്കുന്നതിന്‍ മുമ്പായി
പാറിപ്പറപ്പിച്ച വെണ്‍പതാക

നിശ്ചല നിശബ്ദ
സങ്കീര്‍ത്തനത്തിന്റെ
നീലാകാശത്തില്‍
അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

ഇനിയെനിക്കില്ല
നീക്കങ്ങള്‍, നിന്റെ
തേരാളി വാള്‍വീശിയടുക്കുന്നു

കൊയ്‌തെടുക്കും മുമ്പ്
വേവും തലച്ചോറിന്‍
ഒച്ച കേള്‍ക്കാനെങ്കിലും
കാതുകള്‍ ബാക്കിയാക്കുക.

Saturday, November 13, 2010

കടല്‍ ജീവിതം

അസ്തമയത്തിനു മുമ്പ്
ചെങ്കുത്തായ കുന്നിനു താഴെ
മണല്‍ വിരിപ്പില്‍
ജീവിതാഘോഷം

അരഞ്ഞ കുറിഞ്ഞികള്‍
ആഹ്ലാദം നഷ്ടമായ മഴപ്പാറ്റല്‍
നിറം തെളിയാത്ത ഓര്‍മ്മ

ശബ്ദമില്ലാതെ അടുത്തെത്തി
കണ്ണുപൊത്താന്‍ ശ്രമിക്കുമ്പോഴും
ഓരോ തിരയും തിരയുന്നതില്‍
കണ്ടെത്താനാവാതെ പോകുന്നു
ഇപ്പോഴും ജീവിതം.

(http://saikatham.com oct 2010 issue)