Wednesday, May 18, 2011

ഇനിയെങ്ങിനെ, എങ്ങോട്ട് ?


നോക്കിനോക്കിയിരിക്കെ
പതുക്കെ നമ്മളില്ലാതാവുന്നു
ഞാന്‍ സൂര്യപ്രകാശത്തിലും
നീ മഞ്ഞുതുള്ളിയിലും
അലിഞ്ഞലിഞ്ഞ്
മറഞ്ഞുപോകുന്നു

നിന്നെക്കാത്തിരിക്കാന്‍
പുല്‍ക്കൊടിത്തലപ്പുകള്‍
പുലരികള്‍, ശലഭങ്ങള്‍
സങ്കീര്‍ത്തനം പാടി
പേരറിയാക്കിളികള്‍

ഞാനോ, സൂര്യനേത്രം പിളര്‍ന്ന്
ലാവാപ്രവാഹമായി
ദുരിതമൗനങ്ങളിലൂടെ
ഉരുകിയു,മുരുക്കിയും
നിന്നെത്തിരഞ്ഞെത്തുന്നു

വിരല്‍സ്പര്‍ശമെത്തും മുന്‍പേ
അനന്തതയില്‍ നിന്റെ വിലയം
മോക്ഷനിരാസത്തിന്റെ പകലുകള്‍
ദിവസങ്ങളുടെ ഇലപൊഴിച്ചില്‍

ഋതുഭേദങ്ങളിലൂടെ
നിലവിളിച്ചോടുമ്പോള്‍
കാലിടറിയെത്ര വീഴ്ചകള്‍
ഭ്രാന്തരൂപകങ്ങളില്‍തട്ടി
ചോരയിറ്റുന്ന മുറിവുകള്‍

ഇനിയെങ്ങോട്ട്,
ഏതു മഴപ്പെയ്ത്തിനൊപ്പം
വീണ്ടെടുക്കാനുള്ള മടക്കം

സര്‍വ ശാപങ്ങളും
എനിക്കിരിക്കട്ടെ
പുലരിതോറും നീ
പുനര്‍ജനിച്ചേയിരിക്കുക !

Monday, May 9, 2011

തീര്‍ന്നുപോയവള്‍


ജലോപരിതലത്തില്‍
നിശ്വാസത്തിന്റെ കുമിളകള്‍
ഉരുകിത്തീര്‍ന്നിരിക്കുന്നു.

ആളിക്കത്തുകയാണ് തിരി

തുറന്നിരിക്കുമ്പോള്‍
കണ്ണില്‍ നിന്നും
വെളുത്ത ചിറകുള്ള കുതിര
കാറ്റിനു പോലും കാത്തിരിക്കാതെ
മേഘങ്ങളിലേക്കു കുതിച്ചു.

തീര്‍ന്നു പോയിരിക്കുന്നു
സൂര്യകാന്തികളുടെ താഴ്‌വരയില്‍
ഒറ്റപ്പെട്ടതു പോലെ..

ഇതിനിടയിലെവിടെയോ
ഒരു വഴിയുണ്ട്
ഉപേക്ഷിച്ച കടിഞ്ഞാണും
മണ്ണിലൊളിച്ചിട്ടും
പ്രകാശം പരത്തുന്ന
നക്ഷത്രത്തിന്റെ കണ്ണും
മഞ്ഞുതുള്ളികള്‍ മൂടിയെങ്കിലും
മായാതിരിക്കുന്ന
കുളമ്പടിയൊച്ചയും
എല്ലാം തീര്‍ന്നുപോയവളെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരോര്‍മ്മപോലും അരുതെന്നും
വരാതിരിക്കനായി
മറവിയില്‍ ചാടിമരിക്കുമെന്നും
പിന്‍വിളിക്കു മുന്‍പ്
പൊള്ളിക്കുന്ന മൗനത്തിന്റെ
ആരവമണിയുമെന്നും
പോവുമ്പോള്‍
വിളിച്ചു പറയുന്നുണ്ടായിരുന്നു.

പൊട്ടിമുളയ്ക്കാന്‍
അടിവേരുപോലും
ബാക്കിവെക്കാതെ
തീര്‍ന്നുപോയിട്ടും

കരിമേഘങ്ങളുടെ
ഹൃദയം പിളര്‍ന്നു പെയ്യുന്നത്
നീ മാത്രമാണെന്ന
വിശ്വാസത്തിലാണു ഞാന്‍...