Monday, May 9, 2011

തീര്‍ന്നുപോയവള്‍


ജലോപരിതലത്തില്‍
നിശ്വാസത്തിന്റെ കുമിളകള്‍
ഉരുകിത്തീര്‍ന്നിരിക്കുന്നു.

ആളിക്കത്തുകയാണ് തിരി

തുറന്നിരിക്കുമ്പോള്‍
കണ്ണില്‍ നിന്നും
വെളുത്ത ചിറകുള്ള കുതിര
കാറ്റിനു പോലും കാത്തിരിക്കാതെ
മേഘങ്ങളിലേക്കു കുതിച്ചു.

തീര്‍ന്നു പോയിരിക്കുന്നു
സൂര്യകാന്തികളുടെ താഴ്‌വരയില്‍
ഒറ്റപ്പെട്ടതു പോലെ..

ഇതിനിടയിലെവിടെയോ
ഒരു വഴിയുണ്ട്
ഉപേക്ഷിച്ച കടിഞ്ഞാണും
മണ്ണിലൊളിച്ചിട്ടും
പ്രകാശം പരത്തുന്ന
നക്ഷത്രത്തിന്റെ കണ്ണും
മഞ്ഞുതുള്ളികള്‍ മൂടിയെങ്കിലും
മായാതിരിക്കുന്ന
കുളമ്പടിയൊച്ചയും
എല്ലാം തീര്‍ന്നുപോയവളെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരോര്‍മ്മപോലും അരുതെന്നും
വരാതിരിക്കനായി
മറവിയില്‍ ചാടിമരിക്കുമെന്നും
പിന്‍വിളിക്കു മുന്‍പ്
പൊള്ളിക്കുന്ന മൗനത്തിന്റെ
ആരവമണിയുമെന്നും
പോവുമ്പോള്‍
വിളിച്ചു പറയുന്നുണ്ടായിരുന്നു.

പൊട്ടിമുളയ്ക്കാന്‍
അടിവേരുപോലും
ബാക്കിവെക്കാതെ
തീര്‍ന്നുപോയിട്ടും

കരിമേഘങ്ങളുടെ
ഹൃദയം പിളര്‍ന്നു പെയ്യുന്നത്
നീ മാത്രമാണെന്ന
വിശ്വാസത്തിലാണു ഞാന്‍...

5 comments:

  1. തീര്‍ന്നു പോയിരിക്കുന്നു
    സൂര്യകാന്തികളുടെ താഴ്‌വരയില്‍
    ഒറ്റപ്പെട്ടതു പോലെ..

    ReplyDelete
  2. കവിത നന്നായി

    ReplyDelete
  3. കരിമേഘങ്ങള്‍ കര്‍മ്മമേഘങ്ങള്‍ .........
    നല്ല കവിത നന്ദി...................

    ReplyDelete