Sunday, January 1, 2012

വിധിയെഴുത്ത്




മഴയില്‍ പിടിച്ചുകയറി
മേഘത്തിലെത്താമെന്നും

മിന്നലിലൂടെ
തെന്നാതെ നടന്നാല്‍
നക്ഷത്രങ്ങളെ തൊടാമെന്നും

കാറ്റിലൂടെ തിരിച്ചിറങ്ങുമ്പോള്‍
കുഞ്ഞുങ്ങള്‍ പറത്തുന്ന
പട്ടങ്ങളെ ഉപദ്രവിക്കരുതെന്നും

ആവര്‍ത്തിച്ചുറപ്പിച്ചു
കാത്തിരുന്നിട്ടും

ഭൂമിക്കുള്ളില്‍ നിന്നും
വേരും ഞരമ്പും താണ്ടി

പൂമൊട്ടുകളുടെ
വിലാപങ്ങളില്‍
മഞ്ഞുകണമായി
നിറയാനായിരുന്നു വിധി

സൂര്യന്റെ പ്രണയം
വിരിയുന്ന മൊട്ടുകളെ
കാത്തിരിപ്പുണ്ടാവും

ആദ്യത്തെ ചുംബനത്തില്‍
പൂക്കള്‍ ജ്വലിക്കുമ്പോള്‍
ശൂന്യതയിലേക്കു ഞാന്‍
വിലയം പ്രാപിച്ചേക്കാം

കുട്ടികളുടെ പട്ടങ്ങളിലൂടെ
ആകാശം
ഭൂമിയിലേക്കിറങ്ങാന്‍
കൊതിക്കുമ്പോള്‍

നൂലറ്റത്തു നെഞ്ചിടിപ്പോടെ
എന്റെ നിശ്വാസങ്ങള്‍
കാത്തിരിപ്പുണ്ടാവും