Friday, April 20, 2012

ഉറക്കത്തിനും പകലിനുമിടയില്‍



















രാവേറുന്നു നിശബ്ദം

മഞ്ഞില്‍ നനഞ്ഞ കഴുമരം
നിന്റെ കണ്‍വെട്ടത്തില്‍
ജീവന്റെ ചൂടു തേടുന്നു

നടന്നു തീര്‍ന്നതാവാമിത്രയും
വഴികള്‍; മറന്നതേയില്ല
കണ്ണുകള്‍ കോര്‍ത്ത സന്ധ്യകള്‍

രാവു കനക്കുന്നു

ദൂരമറിയാത്ത
വഴികള്‍ക്കപ്പുറം നിന്നും
ഒരു വിരല്‍ത്തുമ്പിന്റെ
തീവ്രസാന്ത്വനം തിരഞ്ഞുപോയവര്‍
മടക്കയാത്രക്കു മുന്‍പേ
കാറ്റിനൊപ്പം പോന്നിരുന്നെങ്കില്‍

രാവു മരിക്കുന്നു

നെഞ്ചിടിപ്പുകളിണചേര്‍ന്ന
പകലറുതികളോര്‍മ്മയില്‍
തിളച്ചു പൊങ്ങുമ്പൊളെപ്പോഴോ
കറുത്ത തിരശീലക്കു മേല്‍
കാഴ്ചകളുടയുന്നു

Wednesday, April 11, 2012

ഒറ്റമരത്തിന്റെ രാത്രി















നീ വീണിടത്തു നിന്നും
ചിറകടിച്ചുയര്‍ന്ന കരിങ്കാക്കകള്‍
പറന്നു ചെന്നെത്തുക
നീല രാത്രിയുടെ കൊമ്പില്‍
തളര്‍ന്നിരുന്നുറങ്ങുന്ന
ഓര്‍മ്മകളിലേക്കായിരിക്കും

സാധ്യതക്കും 
അനിശ്ചിതത്വത്തിനുമിടയില്‍
കൂടൊരുക്കാന്‍ മറന്നുപോയവര്‍
ഇന്നലെകളുടെ തൂക്കുപാലം കടന്ന്
നിശബ്ദതയിലേക്ക് എത്തിക്കൊണ്ടിരിക്കും

ഋതുഭേദങ്ങളുടെ ഹൃദയം പിളര്‍ന്ന്
ആദ്യമെത്തുക ആരായിരിക്കും ?

വസന്തമാവില്ലെന്നുറപ്പ്

അടുത്ത പകലെത്തും വരെ
നഷ്ടപ്പെടലുകളില്‍ നിന്നും
മുളച്ചു പൊന്തിയ ഒറ്റമരം
വിഭ്രാന്തിയുടെ തീനാളങ്ങളില്‍
പട്ടുപോകാതിരുന്നെങ്കില്‍..